ആകെ പേജ്‌കാഴ്‌ചകള്‍

2012, ഫെബ്രുവരി 11, ശനിയാഴ്‌ച

പപ്പ വീണ്ടും സ്പര്‍ശിക്കുന്നു...!



പപ്പയുടെ മടിയില്‍ തലവെച്ച് പാതി മയക്കത്തില്‍ കിടക്കേ പുറത്തു മഴ പാടുന്നത് ഞാന്‍ അറിയുന്നുണ്ടായിരുന്നു.

"പപ്പാ..." ഞാന്‍ പതുക്കെ വിളിച്ചു.

പപ്പ എന്റെ എണ്ണമയമില്ലാത്ത മുടിയിഴകളില്‍ വിരലോടിച്ചുകൊണ്ട് ചോദ്യ രൂപേണ വിളികേട്ടു....
"ഊം...?"

"ഇനിയെത്ര നേരമുണ്ട്..." പപ്പ എന്നെ ചോദ്യ ഭാവത്തില്‍ നോക്കുന്നത് കണ്ടിട്ടും ആ കണ്ണുകളെ നേരിടാതെ ഞാന്‍ തുടര്‍ന്നു "എനിക്ക് പപ്പയുടെ കൂടെ പോരാന്‍...?"

പപ്പ മുഖം കുനിച്ചു എന്‍റെ നെറ്റിയില്‍ ചുണ്ടുകള്‍ അമര്‍ത്തി. അപ്പോള്‍ മഴയുടെ രാഗം ഉച്ചസ്ഥായിയിലേക്ക് മാറിയത് പോലെ തോന്നി.

* * *
"മോന്‍സി, ഇതാരാന്നു നോക്ക്..."
ആരോ എന്‍റെ കാലടിയില്‍ ഉറക്കെ അടിക്കുന്നത് പോലെ തോന്നിയാണ് ഞാന്‍ കണ്ണുകള്‍ വലിച്ചു തുറന്നത്. അടഞ്ഞു പോകുന്ന കണ്ണുകളില്‍ ഒരു മിന്നായംപോലെ ജോണിച്ചായന്‍ പതിഞ്ഞു. ജോണിച്ചായന്‍ ഒരിക്കലും എന്നെ അടിക്കില്ല; അപ്പോള്‍ ഡോക്ടറായിരിക്കണം എന്‍റെ ഉള്ളം കാലില്‍ അടിച്ചത്. ഞാന്‍ ചിരിച്ചു. എന്തോ പറയാന്‍ തുടങ്ങി. ഒന്നും പറയേണ്ടാ.. എന്ന് ഇച്ചായന്‍ ആംഗ്യം കാണിച്ചു.

"ഹേയ്..അല്ല. അയാള്‍ സംസാരിക്കട്ടെ, എന്തെങ്കിലും ചോദിക്കൂ..." ഡോക്ടര്‍ ജോണിച്ചായന് നിര്‍ദ്ദേശം നല്‍കി.

എനിക്ക് ചിരി വരുന്നുണ്ടായിരുന്നു. എന്‍റെ ഇച്ചായന്‍ ഒരു പേടിത്തൊണ്ടനാണെന്നതു എനിക്കല്ലേ അറിയൂ. എന്‍റെ വായിലൂടെയും മൂക്കിലൂടെയുമെല്ലാം ഇട്ടിട്ടുള്ള ട്യൂബുകള്‍ ഇച്ചായനെ പേടിപ്പിച്ചു കാണണം. ഇങ്ങോട്ടൊന്നും ചോദിച്ചില്ലെങ്കിലും അങ്ങോട്ടെനിക്ക് ചോദിച്ചേ മതിയാകുമായിരുന്നുള്ളൂ. അത്കൊണ്ട് ഓപറേഷന്‍ തീയേറ്ററിലേക്ക് കടക്കും മുന്‍പ് അവസാനം ചോദിച്ച ചോദ്യം ഞാന്‍ ആവര്‍ത്തിച്ചു.

"രാമനാഥന്‍ മാഷ്‌....വന്നില്ലേ..?"
വായിലെ ട്യൂബുകളില്‍ തട്ടിത്തെറിച്ച എന്‍റെ ചോദ്യം എങ്ങോ പോയി.

കണ്ണുകള്‍ അടഞ്ഞു തുടങ്ങിയിരുന്നു.... അപ്പോഴും ജോണിച്ചായന്‍ കണ്ണുകളില്‍ വെള്ളം നിറച്ചു എന്‍റെ മുന്നില്‍ നിന്നിരുന്നു... പുറത്തു മഴയുടെ സംഗീതം തുടര്‍ന്നു... ഞാന്‍ പതുക്കെ ഇരുട്ടിലേക്ക് വീണു കൊണ്ടിരുന്നു.... ഊളിയിട്ടു പോകുമ്പോലെ...

* * *
എന്‍റെ നെറ്റിയില്‍ നിന്നും പപ്പാ പതുക്കെ ചുണ്ടുകള്‍ വേര്‍പെടുത്തി. ഞങ്ങള്‍ക്കിടയില്‍ ഒരു ശ്വാസത്തിന്റെ അകലം മാത്രം. പപ്പാ കാറ്റിന്റെ ശബ്ദത്തില്‍ ചോദിച്ചു.

"ആരാ രാമനാഥന്‍ മാഷ്‌...?"
പപ്പയുടെ വിരലുകള്‍ എന്‍റെ മുടിയിഴകളെ അപ്പോഴും തഴുകിക്കൊണ്ടിരുന്നു.

എന്‍റെ ഹൃദയത്തില്‍ എവിടെയോ ഒരു ചെറിയ വേദന തോന്നി... ഒരു സുഖമുള്ള കുളിര്‍മ്മ പടര്‍ന്നു കയറുംപോലെ... ഞങ്ങള്‍ക്ക് മാത്രം കേള്‍ക്കാവുന്നത്രയും ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു തുടങ്ങി. നന്മതിന്മകള്‍ എനിക്ക് പഠിപ്പിച്ചു തന്ന, കഥകളിലും കവിതകളിലും ജീവിക്കുന്ന എന്‍റെ മാഷെക്കുറിച്ച്. സ്വയമെരിഞ്ഞാലും വെളിച്ചം വിതറണമെന്ന് പഠിപ്പിക്കുന്ന രാമനാഥന്‍ മാഷെക്കുറിച്ച്.

അവസാനം....

വൈകുന്നേരത്തെ കളിക്കിടയില്‍ മൈതാനത്തിന്റെ അറ്റം തിരഞ്ഞു പോയ പന്തിനെ പിന്തുടര്‍ന്ന് ഓടിയ എന്‍റെ കാഴ്ചയില്‍ നിന്ന് ആ ചുവന്ന പന്ത് കാണാതായതിനെപ്പറ്റി... പിന്നെപ്പിന്നെ കുന്നിന്‍ മുകളിലുള്ള പച്ചപ്പെല്ലാം കണ്ണില്‍ നിന്ന് മറഞ്ഞതിനെപ്പറ്റി... കണ്ണില്‍ ഇരുട്ട് കയറി, പൂര്‍ണ്ണമായും തളര്‍ന്നു വീഴും മുന്‍പ്‌ ഒരു ചുവന്ന പന്ത് പോലെ രക്തം എന്‍റെ വായില്‍ നിന്ന് കുപ്പായത്തിലേക്ക് പടര്‍ന്നതിനെപ്പറ്റി... രാമനാഥന്‍ മാഷ്‌ എന്നെ കോരിയെടുത്ത് ഹൃദയത്തോട് ചേര്‍ത്തു പിടിച്ചു ആശുപത്രിയിലേക്ക് ഓടുമ്പോള്‍ മഴ പെയ്തതിനെപ്പറ്റി...

പപ്പയുടെ മടിയില്‍ നിന്ന് തലയുയര്‍ത്തി ഞാന്‍ എഴുന്നേറ്റിരുന്നു. ചെറുതായി കിതച്ചുകൊണ്ടിരുന്ന എന്നെ ചേര്‍ത്തുപിടിച്ചു പപ്പ ചോദിച്ചു.

"നിനക്ക് മാഷെ കാണേണ്ടേ...?"

"ഊം..." ഞാന്‍ ആ കണ്ണുകളിലേക്ക് നോക്കി.

പപ്പയുടെ കണ്ണുകളില്‍ എന്തെന്നില്ലാത്ത ഒരു തിളക്കം...
"നീ മാഷെ കണ്ടു വാ..."

അപ്പോള്‍ ഞങ്ങള്‍ ഇരുന്നിരുന്ന വലിയ മേഘക്കീറ് രണ്ടായി വേര്‍പെട്ടു... പപ്പാ തുടര്‍ന്നു.

"പപ്പാ കുറച്ചു കഴിഞ്ഞു വരാം. നീ പോയി നിന്റെ മാഷേം കൂട്ടുകാരേം ഒക്കെ കണ്ടേച്ചു വാ..."

ഞാനിരുന്ന മേഘ ശകലം താഴേക്കു പോകാന്‍ തുടങ്ങി... പപ്പ അവിടെ വെണ്മേഘക്കീറില്‍ പുഞ്ചിരിച്ചു നിന്നു... പപ്പയുടെ വെളുത്ത വസ്ത്രങ്ങള്‍ കാറ്റില്‍ പാറിക്കൊണ്ടിരുന്നു... പപ്പക്ക് ഒരു ചിറകു മുളച്ച പോലെ തോന്നി... മേഘമാലകള്‍ക്കിടയില്‍ മാലാഖയെപ്പോലെ പപ്പ എന്നെ നോക്കി ചിരിച്ചു കൈവീശി അങ്ങനെ നിന്നു... ഞാന്‍ നിസംഗനായി എന്‍റെ മേഘക്കീറില്‍ താഴോട്ടു താഴോട്ടു സഞ്ചരിച്ചു കൊണ്ടേയിരുന്നു... പപ്പയില്‍ നിന്ന് പെയ്ത മഴയില്‍ ഞാനാകെ നനഞ്ഞ പോലെ.

* * *
"ഹിസ്‌ റെസ്പോണ്‍സ് ഈസ്‌ പോസിറ്റീവ് ഡോക്ടര്‍..."

"ബ്രീത്തിംഗ്..?"

"ക്വയറ്റ്‌ നോര്‍മല്‍

"ദെന്‍...നാളെ മാസ്ക് മാറ്റി നോക്കണം..."

"ഓക്കേ ഡോക്ടര്‍

"കുട്ടി എന്തെങ്കിലും ആരെയെങ്കിലും അന്വേഷിച്ചോ..?"

"മാഷ്‌....... പപ്പ...എന്നൊക്കെ പറയുന്നത് കേട്ടാരുന്നു..."

"ഓക്കേ...ദെന്‍ ടെല്‍ ഹിസ്‌ റിലേറ്റീവ്സ് ..."

സിസ്റ്ററും ഡോക്ടറും സംസാരിക്കുന്നത് കേട്ട്കൊണ്ടിരിക്കെ തന്നെ ഞാന്‍ ഐസിയുവിന്റെ വാതിലിലൂടെ പുറത്തേക്ക് നോക്കി. അവിടെ ഋഷിയും ആയിഷയും സുധിയും ഷരീഫുമെല്ലാം രാമനാഥന്‍മാഷുടെ കൂടെ നില്‍ക്കുന്നുണ്ട്. "പപ്പാ..." എന്ന് വിളിക്കാനായി എന്‍റെ ചുണ്ടുകള്‍ വിറകൊണ്ടു. എന്‍റെ കണ്ണുകള്‍ നിറഞ്ഞു തൂവി. മാഷ്‌ എന്നെ നോക്കി രണ്ടു കണ്ണുകളും ഇറുക്കി ചിരിച്ചു കാണിച്ചു. ഞാന്‍ പതുക്കെ വിളിച്ചു.

"അച്ഛാ..." എനിക്കങ്ങനെ വിളിക്കാനാണ് അപ്പോള്‍ തോന്നിയത്.

ഞാനെന്റെ നിറഞ്ഞ കണ്ണുകള്‍ പതിയെ അടച്ചു. മഴയുടെ സംഗീതം ആസ്വദിച്ചുകൊണ്ട് ഒരു ചെറിയ മയക്കം. പുറത്തു മഴനൂലുകള്‍ ഭൂമിയെ കുളിരണിയിക്കുന്നുണ്ടായിരുന്നു. ആ മഴയില്‍ എവിടെയോ ഒരു പുതു നാമ്പ് മുളപൊട്ടുന്നുണ്ടാകണം.

അത് ഞാനായിരിക്കണം..

2010, ഓഗസ്റ്റ് 25, ബുധനാഴ്‌ച

സമര്‍പ്പണം.......

പൊരിവെയിലത്ത് തണലായും.....
പെരുമഴയത്ത് കുടയായും .....
വീഴ്ചകളില്‍ ഊന്നുവടിയായും......
എന്‍റെ തളര്‍ച്ചകളില്‍ ആശ്വസങ്ങള്‍ നല്‍കി...
എന്‍റെ കൂടെ നില്‍കുന്ന എന്‍റെ കറുത്ത,
എന്നാല്‍ നരച്ച ,
എന്‍റെ കാലന്‍കുടയ്ക്ക്.............